Monday, May 19, 2014

ഇല്ലാതായ ശബ്ദങ്ങള്‍



മിട്ടായി റോസ് നിറത്തില്‍ വയലറ്റ് പൂക്കള്‍ നിറഞ്ഞ മങ്ങിത്തുടങ്ങിയ നൈലെക്സ് സാരി പുറകില്‍ ചുരുക്കുകള്‍ ഇട്ട്ഉടുത്തിട്ടുണ്ട് . സാരിത്തലപ്പ് ഒരു മാറാപ്പ് പോലെ മുറുക്കിക്കെട്ടിയതില്‍ ഒരോമന കറുപ്പഴക് വിടര്‍ന്ന കണ്ണുകളോടെ പിന്‍വാങ്ങുന്ന നിരത്തു നോക്കിയിരിക്കുന്നു . ആണ്കുഞ്ഞോ പെണ്കുഞ്ഞോ ആവാം . നിറുകയില്‍ മുടി നീല റിബ്ബന്‍ കൊണ്ട് മുറുക്കിക്കെട്ടിയിട്ടുണ്ട് . കാതില്‍ കുഞ്ഞിക്കടുക്കനും ഉണ്ട് . അവളുടെ തലയില്‍ ആണെങ്കിലോ അമ്മിയും ആട്ടുകല്ലും കൊത്താനുള്ള ഉളിയും ചുറ്റികയും വട്ടക്കല്ലുമാണ് .
'' അം ......................മ്മി കൊത്താനുണ്ടോകല്ല്‌ കൊത്താനുണ്ടോ .....ആ ...ട്ടുകല്ലു കൊത്താ ......നുണ്ടോ....യ്....''
കാലത്തേ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പഠിപ്പു തുടങ്ങിയ ശേഷമാണ് ആ ഈണം നാട്ടുവഴിയിലൂടെ വരിക ചടുലമായ പാദങ്ങളോടെഇരുണ്ടുറച്ച മേനിയില്‍ സ്വേദകണങ്ങള്‍ മുത്തുപോല്‍ മിന്നിച്ചുകൊണ്ട് ...
- ' 
ഇവിടെ ചെലപ്പോ അമ്മിക്കല്ല് കൊത്താനുണ്ടാവുമായിരിക്കും .. ഒരുറുപ്പികയുംഒത്താല്‍ ഇത്തിരി വെള്ളം കുടിക്കാനും ചോദിക്കാം ..!'
അവള്‍ കടമ്പ കടന്ന് മുറ്റത്തെത്തി .
'' 
അമ്മാ കല്ല്‌ കൊത്താനുണ്ടോ അമ്മിക്കല്ല് കൊത്താനുണ്ടോ ?''
അവിടത്തെ അമ്മ ഉമ്മറപ്പടിയില്‍ ഇരുന്നു മുറത്തില്‍ നിരത്തിയിട്ട ചെറുപയറില്‍ നിന്നും കല്ലും കരടും മാറ്റി വൃത്തിയാക്കുകയാണ് . അമ്മ അവളെ ചുഴിഞ്ഞു നോക്കി . -ഇന്ന് ഒന്നും തരായ മട്ടില്ല . ആകെ പരവശയായ ഒരു തമിഴത്തി . അവളുടെ മാറാപ്പിലെ കുഞ്ഞ് അമ്മയെ നോക്കി എന്തോ അവ്യക്തമായി ശബ്ദിച്ചു .
'' 
പുറകിലോട്ടു വാ .'' അമ്മ എഴുന്നേറ്റ് അകത്തേക്കുപോയി. അവള്‍ മുറ്റത്തിന്റെ വശം ചേര്‍ന്നു നടന്നു പിന്നാമ്പുറത്ത് എത്തി .അടുക്കളയുടെ പുറം വരാന്തയില്‍ അമ്മിയും കല്ലും വിശ്രമിക്കുന്നുണ്ട് . തലയിലെ തിരികട വച്ച തോര്‍ത്ത്‌ അഴിച്ചു നിലത്തു വിരിച്ചു കുട്ടിയെ അതില്‍ കിടത്തി അവള്‍ അമ്മി കൊത്താന്‍ തുടങ്ങി .
മണി മുഴങ്ങുന്നതുപോലെ ഈണത്തില്‍ അമ്മികൊത്തല്‍ പുരോഗമിച്ചു .
അമ്മ അകത്തുപോയി തന്റെ ഇളയ മകന്‍ കളി കഴിഞ്ഞുപേക്ഷിച്ച ഒരു കിലുക്കിട്ടം തപ്പിയെടുത്തു തമിഴത്തിയുടെ കുഞ്ഞിന്റെ കയ്യില്‍ പിടിപ്പിച്ചു . അതിലെ ഒരു കുമിളക്കുള്ളില്‍ മാത്രമേ മണികള്‍ ഉണ്ടായിരുന്നുള്ളു എങ്കിലും കുഞ്ഞ് അതിന്റെ നേരിയ കിലുക്കത്തില്‍ ഇളകിചിരിക്കുവാന്‍ തുടങ്ങി .
അമ്മിക്കല്ലിന്റെ മദ്ധ്യത്തില്‍ സൂര്യന്‍റെ ആകൃതിയില്‍ ഒരു ചിത്രം കൊത്തി മെനഞ്ഞു അവള്‍ . പിന്നീട് വശങ്ങളില്‍ അലുക്കുകള്‍ പോലെയും കൊത്തി. അവസാനം അമ്മിക്കുഴവിയും കൊത്തി . അത് ഞാറു നട്ടതുപോലെയുണ്ടായിരുന്നു . പണി തീര്‍ന്നപ്പോള്‍ ചെമ്പ് കുടത്തില്‍ നിന്നും ജലം പകര്‍ന്നു കല്ലും കയ്യും കഴുകി .
''
അമ്മാ ആദ്യം കൊഞ്ചം അരിശി അരച്ചു കളഞ്ഞിടുങ്കോനാന്‍ നല്ലാ സെന്ജിരുക്ക് .''
അമ്മ അവള്‍ക്ക് ഒരുറുപിക കൊടുത്തു . ആ കൂലിക്കുവേണ്ടി പിശകാന്‍ അമ്മക്ക് തോന്നിയില്ല .
'' 
അമ്മാ..... കൊഞ്ചം തണ്ണി .......'' അവള്‍ സംശയിച്ചു സംശയിച്ചു ചോദിച്ചു . അവള്‍ക്കു കിട്ടി ആഗ്രഹിച്ചതിലും കൂടുതല്‍ . ഒരു കവടികിണ്ണം നിറയെ കഞ്ഞി ....! അവള്‍ ആര്‍ത്തിയോടെ കഞ്ഞി കുടിച്ചു . പാത്രവും മുഖവും കഴുകി കണ്ണുകള്‍ തുടച്ചു . കാളുന്ന വിശപ്പടങ്ങിയപ്പോള്‍ അവളുടെ മുലകള്‍ നിറഞ്ഞു വിങ്ങിതുടങ്ങി .
'' 
വാടാ കണ്ണാ ,എന്‍ ചെല്ലകുട്ടി ....!'' അവള്‍ കുഞ്ഞിനെ വാരി മടിയില്‍ എടുത്തുവെച്ച് മുലയൂട്ടാന്‍ തുടങ്ങി .
നിരത്തിനപ്പുറത്തെ സ്കൂളില്‍ കുട്ടികള്‍ കളിയ്ക്കാന്‍ ഇറങ്ങിയതിന്റെ ആരവങ്ങള്‍ കേട്ടൂ. മണി പതിനൊന്നായി കാണും . അവള്‍ക്കു തോന്നി .
'' അമ്മാ നാന്‍ പോയി വറെന്‍ ..''
അവളുംകുഞ്ഞും ഈണത്തിലുള്ള '' കല്ല്‌ കൊത്താനുണ്ടോ '' വിളിയും പടി കടന്നു നിരത്ത് കടന്നു വീടുകളും തെരുവുകളും കടന്നു ചരിത്രത്തിലേക്ക് പോയി ..
https://www.facebook.com/Mantrikaveena


3 comments:

  1. നന്നായിട്ടുണ്ട് ..

    ഒരു ചിത്രത്തിലെന്നപൊലെ മനോഹരമായി...
    ആശംസകൾ..

    ReplyDelete
  2. അങ്ങനെ ഒരു കാലം!
    നല്ല എഴുത്ത്

    ReplyDelete

Fire Flower